"കുന്നുമ്മല്‍ ശാന്ത ഈ ബ്ലോഗിന്റെ ഐശ്വര്യം"

Saturday, May 1, 2010

"പുറത്തായവനെ പുറത്താക്കല്‍"

ചില കാര്യങ്ങള്‍ ഇങ്ങനെയാണ്. അടികൊണ്ടാലും തൊഴി കൊണ്ടാലും പല്ലു പോയാല്‍ മതി എന്ന ചൊല്ലുപോലെ. പി ജെ ജോസഫ് എന്തായാലും മന്ത്രിസഭയ്ക്ക് പുറത്തായി. സ്വയം പുറത്തായതാണോ അതോ പുറത്താക്കിയതാണോ എന്ന കാര്യത്തിലാണ് ഇപ്പോല്‍ തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. തര്‍ക്കത്തിന് എന്തെങ്കിലും ഒരു വിഷയം കേരളീയര്‍ക്ക് എന്നും വേണമല്ലോ. ഇന്ന് ഇതിരിക്കട്ടെ.

താന്‍ രാജിക്കത്ത് നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് ദൂതന്‍ മുഖേന എത്തിച്ചിരുന്നെന്നും അത് മുഖ്യമന്ത്രിക്ക് ലഭിച്ചതായി ഉറപ്പുവരുത്തിയിട്ടുണ്ടെന്നുമാണ് ജോസഫും ജോസഫിന്‍റെ ശിങ്കിടികളും ആണയിടുന്നത്. “ഏതു കത്ത്, ആരയച്ചു?” എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിശ്വാസവഞ്ചന കാട്ടിയ ജോസഫ് സാറിനെ പുറത്താക്കുകയാനെന്നും വി എസ് പ്രഖ്യാപിച്ചു.

ജോസഫിന് കാര്യമൊന്നും മനസിലായിട്ടില്ല. രാജിവച്ചവനെ പിന്നീട് എന്തിന് പുറത്താക്കണം? ഇതാണ് ജോസഫിന്‍റെ ചോദ്യം. ജോസഫിന് മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ ആര്‍ക്കും തന്നെ ഇക്കാര്യം പിടികിട്ടിയിട്ടില്ല. പിടികിട്ടുകയുമില്ല. കാരണം ഇത് സി പി എമ്മിന്‍റെ തീരുമാനമാണ്. പിണറായിയുടെയും വി എസിന്‍റെയും തീരുമാനമാണ്.

സ്വയം പാര്‍ട്ടി വിടുന്നവരെ പിന്നീട് ചവിട്ടിപ്പുറത്താക്കുന്നതാണല്ലോ സി പി എമ്മിന്‍റെ രീതി. അബ്ദുള്ളക്കുട്ടി പുറത്തു പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ത്തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആരെയും അങ്ങനെ സ്വയം ഞെളിയാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയെക്കുറിച്ച് ജോസഫേ, നിങ്ങള്‍ക്കൊന്നും അറിയില്ല. കാരണം ഇതൊരു പ്രത്യേക പാര്‍ട്ടിയാണ്.

രാജിവയ്ക്കുന്നവരെ പടിയടച്ച് പിണ്ഡം വച്ച് അതിന്‍റെ സദ്യ ഏവര്‍ക്കും വിളമ്പുന്ന പാര്‍ട്ടിയും അത് നേതൃത്വം നല്‍കുന്ന മുന്നണിയും. ആ സദ്യയാണ് ഇപ്പോള്‍ പി സി തോമസിനും കൂട്ടര്‍ക്കും നല്‍കിയിരിക്കുന്നത്. ഇനി ആര്‍ക്കെങ്കിലും രാജിവയ്ക്കണോ? ആര്‍ എസ് പിയുടെ മന്ത്രിക്കോ മറ്റോ രാജിവയ്ക്കാന്‍ തോന്നുന്നുണ്ടോ?(കൊന്നാലും അങ്ങനെ ഒരു തീരുമാനം ആ പാവത്തുങ്ങളില്‍ നിന്ന് ഉണ്ടാകില്ല, എന്നാലും). അങ്ങനെയെങ്കില്‍ പറഞ്ഞോളൂ. പുറത്താക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സഖാക്കന്‍‌മാര്‍. ജോസഫ് വിഭാഗത്തിന് മനസിലാകാത്ത ‘പുറത്തായവനെ പുറത്താക്കല്‍’ ക്രിയ ആര്‍ എസ് പിക്കു മനസിലാകും. കാരണം അവരും പേരിലെങ്കിലും ഒരു വിപ്ലവപ്പാര്‍ട്ടിയാണല്ലോ.

Thursday, April 1, 2010

അങ്ങനെ സ്മാര്‍ട്ട് സിറ്റിയും ഊ.... ഊഞാലാ.....

വന്‍കിട വികസനപദ്ധതികള്‍ കൊച്ചുകേരളത്തിന് സ്വപ്നം കാണാറായിട്ടില്ലെന്നും അഥവാ വല്ലപ്പോഴും കാണുന്ന പകല്‍‌കിനാവുകള്‍ മുളയിലേ നുള്ളാന്‍ ശീലിക്കണമെന്നും ഒരിക്കല്‍ കൂടി മലയാളികളെ ഓര്‍മ്മപ്പെടുത്തുകയാണ് സ്മാര്‍ട്ട് സിറ്റി. കൊച്ചിയിലുയരാ‍ന്‍ പോകുന്ന ഐടി സൌധത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു തൊഴിലും, സ്വന്തം നാടിന്‍റെ വികസനവും സ്വപ്നം കണ്ടിരുന്നവര്‍ക്ക് ഇനി ആ കിനാവുകള്‍ ഒരു പേക്കിനാവായി കരുതി ഉപേക്ഷിക്കാം. നിയമസഭയില്‍ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ പ്രസ്താവനയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു തവണ കൂടി അധികാരത്തിലെത്തിയാല്‍ ഒന്നല്ല ‘രണ്ട്‘ സ്മാര്‍ട്ട് സിറ്റി നല്‍കുമെന്ന് പറഞ്ഞ് ചെന്നിത്തലയെ പോലെ ബഡായി പൊട്ടിക്കാന്‍ നില്‍ക്കാഞ്ഞതിന് വി‌എസിന് ആദ്യമേ നന്ദി പറയാം.

ഓപ്പറേഷന്‍ വിജയിച്ചിട്ടും രോഗി മരിച്ച അവസ്ഥയാണിന്ന് സ്മാര്‍ട്ട് സിറ്റിയുടേതെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന് വേണ്ടി വിഷയം അവതരിപ്പിച്ച കെ ബാബു എം‌എല്‍‌എയുടെ ഉപമ. മാറുന്ന കാലത്തിനൊപ്പം നമ്മുടെ സംസ്ഥാനവും മുന്നോട്ടു കുതിക്കുന്നതിന്‍റെ ഏറ്റവും നല്ല അടയാളമായിട്ടാണ് സ്മാര്‍ട്ട് സിറ്റി ആരംഭിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദിനെയും ബംഗലൂരുവിനെയും കടത്തിവെട്ടുന്ന ഒരു ഐടി നഗരമായി കൊച്ചി മാറിയേനെ. അതുവഴി മാത്രം നമ്മുടെ സംസ്ഥാ‍നത്തേക്ക് കോടികളുടെ നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ചുവടുപിടിച്ച് മറ്റ് വ്യവസായ മേഖലയിലെ വന്‍കിട കമ്പനികളും കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരുമായിരുന്നു. പക്ഷെ ഇതൊക്കെ മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിപ്പിച്ച് വി‌എസ് സര്‍ക്കാര്‍ പദ്ധതി പൂട്ടിക്കെട്ടാന്‍ ഒരുങ്ങുകയാണ്.

ഒരുപക്ഷെ ഒന്നരവര്‍ഷത്തേക്ക് മാത്രം കഷ്ടിച്ച് ആയുസവശേഷിക്കുന്ന തന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഇനിയൊന്നും നടക്കില്ലെന്ന തിരിച്ചറിവായിരിക്കും വി‌എസിനെയും ഇടതുമുന്നണിയെയും ഇക്കാര്യത്തില്‍ മെല്ലെപ്പോക്കുനയം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്മാര്‍ട്ട് സിറ്റി ആ‍രംഭിച്ചപ്പോള്‍ വി‌എസ് സര്‍ക്കാരിന്‍റെ ചരിത്രത്തിലെ പൊന്‍‌തൂവലാകുമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരും മാധ്യമങ്ങളും വാഴ്ത്തിയത്. എന്നാല്‍ ആ പൊന്‍‌തൂവല്‍ കരിഞ്ഞുണങ്ങി ഇന്ന് വി‌എസ് സര്‍ക്കാരിന് ഏറ്റവും വലിയ നാണക്കേടായി മാറുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷിയാകുന്നത്.

തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരവും രാഷ്ട്രീയ നേതാക്കന്‍‌മാരെ കാക്ക തോണ്ടിയാല്‍ പോലും ഹര്‍ത്താലുകളും അരങ്ങേറുന്ന നമ്മുടെ നാട്ടില്‍ വ്യവസായ നിക്ഷേപകര്‍ ഇന്നും ധൈര്യപൂര്‍വ്വം കാലുകുത്താ‍ന്‍ മടിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ മറ്റൊരു ശക്തിപരീക്ഷണ വേദിയായ ട്രേഡ് യൂണിയനുകളും വ്യവസായനിക്ഷേപകരെ പേടിപ്പിക്കുന്ന കാര്യത്തില്‍ നിസ്തുലമായ സംഭാവനയാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലായിരുന്നു സ്മാര്‍ട്ട് സിറ്റി എന്ന ആ‍ശയത്തിന്‍റെ പിറവി. സ്വപ്ന പദ്ധതിയെന്ന് ആദ്യം മുതല്‍ വിശേഷിപ്പിക്കപ്പെട്ട ഇതിന്‍റെ വരവോടെ വന്‍‌കിട വ്യവസായങ്ങളുടെ ദാരിദ്ര്യാവസ്ഥയ്ക്ക് ഒരു പരിഹാരമാകുമെന്നായിരുന്നു നമ്മുടെ കണക്കുകൂട്ടല്‍. സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിടീല്‍ നടത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ നേട്ടം പല അവസരങ്ങളിലും ആഘോഷിക്കുകയും ചെയ്തു.

യു‌ഡി‌എഫ് സര്‍ക്കാര്‍ രൂപം നല്‍കിയ വ്യവസ്ഥകളില്‍ സംസ്ഥാനത്തിന് ദോഷകരമായതെല്ലാം ഒഴിവാക്കിയാണ് എല്‍‌ഡി‌എഫ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് പറഞ്ഞ് വി‌എസ് സംസ്ഥാനത്തോടുള്ള ഇടതന്‍‌മാരുടെ പ്രതിബദ്ധത തറക്കല്ലിടീ‍ല്‍ വേളയില്‍ തുറന്നുപ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രതിബദ്ധത, പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും പ്രകടമാക്കാന്‍ വി‌എസ് സര്‍ക്കാരിനായില്ല. യു‌ഡി‌എഫ് അധികാരത്തിലെത്തിയാല്‍ രണ്ട് സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കുമെന്ന് പറയുന്ന ചെന്നിത്തലയെയും കൂട്ടരെയും എങ്ങനെ വിശ്വസിക്കും. കാരണം ഇന്ന് പൂരമാണെങ്കില്‍ നാളെ പൊടിപൂരമെന്ന അവസ്ഥയിലായിരിക്കും യു‌ഡി‌എഫ് അധികാരത്തിലെത്തിയാല്‍. തമ്മിലടിക്ക് തന്നെ സമയം തികയാതിരിക്കുന്ന കോണ്‍ഗ്രസുകാര്‍ എങ്ങനെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കും?

എന്തുകൊണ്ടാണ് നമ്മുടെ കേരളത്തില്‍ മാത്രം ഈ അവസ്ഥ. കര്‍ണ്ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ വ്യവസായ മേഖലയിലെ അവസരങ്ങള്‍ മുതലെടുത്ത് നേട്ടം കൊയ്യുമ്പോള്‍ അതുകണ്ട് വെള്ളമിറക്കാന്‍ മാത്രമാണോ എന്നും മലയാളിയുടെ വിധി?. വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ വികസന പദ്ധതികളുടെ കാര്യത്തില്‍ മാത്രം എന്തേ ഇത്തരം ചീഞ്ഞ സമീപനം രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നു?. പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ കമ്പിവേലി കെട്ടിത്തിരിക്കുക പോലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ചെയ്യാന്‍ കഴിഞ്ഞതെന്ന് പറയുമ്പോള്‍ നമ്മുടെ സര്‍ക്കാരിന്‍റെ കാര്യക്ഷമതയും ജനങ്ങളോടും നാടിന്‍റെ വികസനത്തോടുമുള്ള പ്രതിബദ്ധതയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

Wednesday, March 31, 2010

വിവാദമാക്കാത്തത് നാണക്കേട്



വളരെ മോശമായിപ്പോയി. മലയാളികളുടെ ഇഷ്ട വിനോദമായ വിവാദത്തിന് മറ്റൊരു വിഷയം കിട്ടിയിട്ടും അതിന് ഡിഫി തിരികൊളുത്തിയിട്ടും ആര്‍ക്കും അത് ആളിക്കത്തിയ്ക്കാനാവാതെ പോയി.

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ വരുമാനവും ആസ്തിയും അന്വേഷിയ്ക്കണമെന്നായിരുന്നു ഡിഫി ആവശ്യപ്പെട്ടത്. കൊച്ചി ആസ്ഥാനമായുള്ള ഐപിഎല്‍ ക്രിക്കറ്റ് ടീം നേടിയ റോണ്‍ഡിവൂ എന്ന കമ്പനിയുടെ സംഘാടകന്‍ ശശി തരൂരാണെന്ന വാര്‍ത്ത ആയിരുന്നു ഇതിന് കാരണം.

പല ചാനലുകളും ഇത് ഒരു വിവാദമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി എങ്കിലും എന്തോ അത് അത്ര ഫലിച്ചില്ല. കൊച്ചി ഐപിഎല്‍ ടീം റോണ്‍ഡിവൂ എന്ന കണ്‍സോര്‍ഷ്യം നേടിയതിന് രണ്ട് ദിവസത്തിന് ശേഷം തരൂര്‍ ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. കണ്‍സോര്‍ഷ്യത്തിന് പിന്നില്‍ ചില ക്രിക്കറ്റ് താരങ്ങളും ഉണ്ടെന്നായിരുന്നു അതില്‍ തരൂര്‍ പറഞ്ഞത്. അഭിമുഖത്തിന് ശേഷം വാര്‍ത്തയുടെ അവസാന കുറിപ്പ് പറഞ്ഞ ലേഖകന്‍ ഒരു കാര്യം പറയാന്‍ മറന്നില്ല. "ദിവസവും റോണ്‍ഡിവൂവിനെക്കുറിച്ച് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുകൊണ്ട് തരൂരും കമ്പനിയുമായുള്ള ബന്ധം വിവാദമാവും" എന്നായിരുന്നു അത്.

ഇതുപോലെ പല ചാനലുകളും പത്രങ്ങളും പയറ്റി നോക്കിയെങ്കിലും ഫലം കണ്ടില്ല. എന്തൊരു കഷ്ടം.

എന്തായാലും ഇത് മലയാളിയ്ക്ക് ഉണ്ടാക്കി വച്ചിരിയ്ക്കുന്ന നാണക്കേട് ചില്ലറ ഒന്നുമല്ല. ഇനിയും സമയം വൈകിയിട്ടില്ല. എങ്ങനെ എങ്കിലും ഇതിനെ ഒരു വിവാദമാക്കി മാറ്റൂ. ഇല്ലെങ്കില്‍ എന്തിനെയും വിവാദമാക്കുന്ന നമ്മള്‍ക്ക് ആ നാണക്കേടില്‍ നിന്ന് നമുക്ക് ഒരിയ്ക്കലും ഒഴിയാനാവില്ല....

Monday, January 11, 2010

മനോജും സിപിഎമ്മും പിന്നെ ഞാനും...

ഹയ്യോ!!! ഞാന്‍ ചിരിച്ച് ചിരിച്ച് അമ്മേ.... ഈ സിപിഎമിന്റെ ഒരു കാര്യം മനുഷ്യനെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും... കണ്ടില്ലേ.... "ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആളെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു"

ഇനി എന്തൊക്കെ കാണേണ്ടിവരും എന്റെ കര്‍ത്താവേ.....